കൊച്ചി: വസ്തു തരംമാറ്റി നൽകുന്നതിനായി പത്തു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ റിട്ട. ഡെപ്യൂട്ടി കളക്ടർ അറസ്റ്റിൽ. എറണാകുളം കടവന്ത്ര സ്വദേശി എൻ.കെ. കൃപ (59) ആണ് അറസ്റ്റിലായത്. കേസിൽ കണയന്നൂർ ഭൂരേഖ തഹസിൽദാർ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായതിന് പിന്നാലെ ഒളിവിൽ പോയിരുന്ന കൃപയെ വെള്ളിയാഴ്ച വൈകുന്നേരമാണ് പിടികൂടിയത്.
കഴിഞ്ഞ ഓഗസ്റ്റ് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കലൂർ സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു തരംമാറ്റി നൽകുന്നതിനായി 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കണയന്നൂർ ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടീസ്, ഇടനിലക്കാരായ എൻ.എസ്.രാജേഷ് , ജോസഫ് ഷിബിൻ എന്നിവരെ വിജിലൻസ് സംഘം പിടികൂടിയിരുന്നു.
തുടർ അന്വേഷണത്തിനിടെയാണ് കൈക്കൂലി ഇടപാടിൽ റിട്ട. ഡെപ്യൂട്ടി കളക്ടർ എൻ.കെ. കൃപയും ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നതായി വിജിലൻസിന് തെളിവുകൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൃപയെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.